ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെ, ഇറാൻ-ഇസ്രയേൽ തർക്കം ആഗോള വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നു. ഇറാനുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്ക് ഇസ്രയേലിന് പിന്തുണ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയതെന്ന് യുഎസ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

ആണവ ചർച്ചകളുടെ രണ്ടാം ഘട്ടത്തിനായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചി ജനീവയിലെത്തി. ഒമാന്‍റെ മധ്യസ്ഥതയിൽ നാളെ (ഫെബ്രുവരി 17) നടക്കുന്ന പരോക്ഷ ചർച്ചകളിൽ യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരും പങ്കെടുക്കും.

ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനൊപ്പം ഉപരോധങ്ങൾ നീക്കുന്നതും ചർച്ചയാകും. സമാധാന നീക്കങ്ങൾക്കിടയിലും യുഎസ് സൈനിക വിന്യാസം ശക്തമാക്കിയത് മേഖലയിൽ നേരിയ ആശങ്ക നിലനിർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *