കണ്ണൂർ: പിലാത്തറ മാണ്ടൂർ വലിയ ജുമാ മസ്ജിദിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിക്സർ ലോറിയിടിച്ച് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ മെക്കാനിക്ക് കാഞ്ഞങ്ങാട് സ്വദേശി എബിനേസർ ആന്റോ (24), സഹായി പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കണ്ണൂർ-പാപ്പിനിശ്ശേരി വഴി പയ്യന്നൂരിലേക്ക് വരികയായിരുന്ന മിക്സർ ലോറി, രണ്ട് ദിവസം മുൻപ് തകരാറിലായി റോഡരികിൽ നിർത്തിയിട്ടിരുന്ന മരമില്ല് ഉൽപ്പന്നങ്ങൾ കയറ്റിയ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിനടിയിൽ കിടന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലായിരുന്നു അപകടം.ഇടിയുടെ രൂക്ഷതയിൽ ഇരു വാഹനങ്ങളുടെയും ക്യാബിനുകൾക്ക് നിമിഷങ്ങൾക്കകം തീപിടിച്ചു.
സമീപത്തുണ്ടായിരുന്ന ഒരു കാറിനും വൈദ്യുത പോസ്റ്റിനും പള്ളിമതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന മണിക്കുറുകളോളം ശ്രമിച്ചാണ് തീയണച്ചത്. ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട മിക്സർ ലോറി ഡ്രൈവറെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

