നടി ആക്രമിക്കപ്പെട്ടതിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് ‘അവൾക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യൂസിസി (WCC) വീണ്ടും രംഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ, എറണാകുളം മറൈൻ ഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ മെഴുകിതിരി തെളിയിച്ച് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
നീതിക്കായുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പ്രതിഷേധം.
2017 ഫെബ്രുവരി 17-ലെ അതിക്രമത്തിന് പിന്നാലെയാണ് ‘അവൾക്കൊപ്പം’ എന്ന ഐക്യദാർഢ്യ പ്രസ്ഥാനം ആരംഭിച്ചത്. ഒമ്പത് വർഷം പിന്നിടുമ്പോൾ, അതിജീവിതയ്ക്കും പോരാട്ടത്തിൽ കൂടെ നിൽക്കുന്നവർക്കും നന്ദി പറഞ്ഞുകൊണ്ട് ഡബ്ല്യൂസിസി ഈ യാത്രയെ അനുസ്മരിക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാവരെയും ഒപ്പം ചേർക്കാനാണ് സംഘടനയുടെ ആഹ്വാനം.
നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികൾക്ക് 20 വർഷം തടവ് ലഭിച്ചപ്പോൾ, തെളിവുകളുടെ അഭാവത്തിൽ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെ വിട്ടു. ഈ വിധിയിൽ വലിയ പ്രതിഷേധം ഉയരുകയും, കോടതിയെ വിമർശിച്ചും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
