ശബരിമല സ്വർണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. “സത്യം പുറത്തുവരട്ടെ, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ” എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.
ശബരിമല ഓരോ ഭാരതീയനും പുണ്യസ്ഥലമാണെന്നും അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ സത്യം നൂറു ശതമാനവും പുറത്തുവരണമെന്നും ജയറാം പറഞ്ഞു. കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരാൻ ഓരോ മലയാളിക്കുമുള്ള ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 38 വർഷമായി ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുന്ന താൻ, ആ നിലയ്ക്കാണ് ഈ പരിപാടിയിലും പോയതെന്ന് ജയറാം വ്യക്തമാക്കി. തൻ്റെ മൊഴി അന്വേഷണത്തിന് ഉപകരിക്കുമെങ്കിൽ അത് നല്ലതാണെന്നും, കുറ്റവാളികളെ അയ്യപ്പൻ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനെന്ന നിലയിൽ സത്യം വെളിപ്പെടുത്തുക തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
