ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുംഗിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ടുപേർ കൊല്ലപ്പെട്ടു. പ്രവേശന കവാടം പൂർണ്ണമായും തടസ്സപ്പെട്ടതിനെത്തുടർന്ന് നിരവധി തൊഴിലാളികളാണ് നിലവിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. അപകടത്തെത്തുടർന്ന് ഭൂഗർഭ ശിലാഘടനകളിൽ മാറ്റമുണ്ടായതോടെ മീഥെയ്ൻ വാതകം പുറത്തുവന്നത് രക്ഷാപ്രവർത്തനത്തെ ഏറെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പല രക്ഷാപ്രവർത്തകർക്കും വിഷവാതകം ശ്വസിച്ച് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു. നിലവിൽ ഗ്യാസ് മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF), സിക്കിം പോലീസ്, അഗ്നിശമന സേന തുടങ്ങിയ വിവിധ ഏജൻസികൾ ചേർന്നാണ് സംയുക്ത രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി (NHPC) പട്ടേൽ എഞ്ചിനീയറിംഗ് നിർമ്മിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്.

ഇടുങ്ങിയ ഘടനയും കുറഞ്ഞ കാഴ്ചപരിധിയും കാരണം ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുപ താംലിങ് വ്യക്തമാക്കി. അടിയന്തര വൈദ്യസഹായത്തിനായി സ്ഥലത്ത് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *