സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20-യിൽ ചേരുന്നു. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സാബു എം. ജേക്കബ് അദ്ദേഹത്തിന് അംഗത്വം നൽകും. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി അഖിൽ കൊട്ടാരക്കരയിൽ മത്സരിക്കാനാണ് സാധ്യത. നേരത്തെ കോൺഗ്രസുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ ട്വന്റി 20 തിരഞ്ഞെടുക്കുകയായിരുന്നു.
തോൽക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ തയ്യാറാണെന്ന് അഖിൽ മാരാർ കോൺഗ്രസിനെ അറിയിച്ചിരുന്നു. ചടയമംഗലം, നേമം അല്ലെങ്കിൽ ധർമടം സീറ്റുകളിലൊന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. തുടർന്നാണ് ട്വന്റി 20-യിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.
കൊട്ടാരക്കരയിൽ അഖിൽ മാരാർ അനുയോജ്യനാണെന്ന് ബിജെപിയുടെ രഹസ്യ സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ബിജെപിയിൽ നേരിട്ട് ചേരാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ട്വന്റി 20-യിൽ ചേർന്ന് എൻഡിഎ സ്ഥാനാർത്ഥിയാകാൻ ധാരണയായത്.
