ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവരർക്കും മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനും ഐ.ഡി. സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഐഡിയുടെ ഇടപെടൽ.

ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിൽ 41 ദിവസത്തെ റിമാൻഡിന് ശേഷം ഫെബ്രുവരി 18-നാണ് തന്ത്രി കണ്ഠരർ രാജീവരർക്ക് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഐ.ഡി. സമൻസ് അയച്ചിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അദ്ദേഹം അനുമതി നൽകിയത് അറ്റകുറ്റപ്പണികൾക്കായിരുന്നെന്നും, അത് ദുരുദ്ദേശപരമല്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.

തന്ത്രി ദേവസ്വം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതീപ്രവേശനത്തെയും ക്ഷേത്രം എല്ലാ ദിവസവും തുറക്കുന്നതിനെയും എതിർത്തതാണ് ഇതിന് പിന്നിലെന്നുമാണ് കണ്ഠരര് രാജീവര് കോടതിയിൽ വാദിച്ചത്.

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് താൻ നിലപാടുകൾ സ്വീകരിച്ചതെന്നും, ആദ്യ മൂന്ന് മാസം എഫ്.ഐ.ആറിൽ ഇല്ലാതിരുന്ന തന്നെ പിന്നീട് ബോധപൂർവ്വം പ്രതി ചേർത്തതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസുവിന് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന അദ്ദേഹം, ഉപാധികളോടെയാണ് പുറത്തിറങ്ങിയത്.

കൃത്യമായ കാലപരിധി കഴിഞ്ഞതിനാലാണ് ഫെബ്രുവരി 11-ന് അദ്ദേഹത്തിന് ഈ ആനുകൂല്യം ലഭിച്ചത്.ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്‌.ഐ.ടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

എന്നാൽ, ജാമ്യത്തിന് പിന്നാലെ ഇവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) സമൻസ് ലഭിച്ചു. കേസിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഭൂരിഭാഗം പ്രതികളോടും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *