സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് വിലക്കി.
ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും. ഇതിന്റെ സ്വാധീനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
