യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഗതാഗതം നിലയ്ക്കുകയും സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തതോടെ ദശലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ കുടുങ്ങി. പലയിടങ്ങളിലും ക്ലാസുകൾ ഓൺലൈനായി തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ദശകത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് യുഎസിൽ 5000-ലധികം വിമാനങ്ങൾ റദ്ദാക്കി. റോഡ് ഐലൻഡിൽ മൂന്നടിയോളം മഞ്ഞ് വീണപ്പോൾ ന്യൂയോർക്ക്, ബോസ്റ്റൺ വിമാനത്താവളങ്ങൾ സ്തംഭിച്ചു. പലയിടങ്ങളിലും പൊതുഗതാഗതം പൂർണ്ണമായും നിലച്ചു.
യുഎസിൽ ആഞ്ഞടിക്കുന്ന ‘ബോംബ് സൈക്ലോൺ’ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെക്കുന്നത്. ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും മരങ്ങൾ കടപുഴകി വീണതോടെ 4.5 ലക്ഷത്തോളം പേർക്ക് വൈദ്യുതി ബന്ധം നഷ്ടമായി.
വായുമർദ്ദം കുത്തനെ ഇടിയുന്ന ഈ പ്രതിഭാസം കാരണം വടക്കുകിഴക്കൻ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈയാഴ്ച അവസാനം മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
