ഉപരോധം കടുപ്പിച്ച് അമേരിക്ക. ഇറാന്റെ നിയമവിരുദ്ധമായ എണ്ണ വിൽപ്പനയ്ക്കും ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിനും സഹായിച്ച 30-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും മേലാണ് യു.എസ്. ഉപരോധം ഏർപ്പെടുത്തിയത്. വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് (OFAC) ഈ നടപടി പ്രഖ്യാപിച്ചത്.
ഇറാന്റെ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും രഹസ്യമായി വിദേശത്തെത്തിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ (Shadow Fleet) ശൃംഖലയെ തകർക്കുകയാണ് ഈ ഉപരോധത്തിന്റെ ലക്ഷ്യം. ഈ ശൃംഖലയിലുൾപ്പെട്ട കപ്പലുകൾക്കും ഇടനിലക്കാർക്കുമെതിരെ നടപടി എടുക്കുന്നതിലൂടെ ഇറാന്റെ നിയമവിരുദ്ധ വരുമാനമാർഗ്ഗങ്ങൾ അടയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണം, ആഭ്യന്തര അടിച്ചമർത്തലുകൾ, സായുധ ഗ്രൂപ്പുകൾക്കുള്ള ധനസഹായം എന്നിവയ്ക്കായി ഇറാൻ എണ്ണ വിൽപനയിലൂടെ പണം കണ്ടെത്തുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. നിയമവിരുദ്ധമായ എണ്ണ വിൽപനയിലൂടെയും പണം വെളുപ്പിക്കലിലൂടെയും ആണവായുധങ്ങൾക്കാവശ്യമായ വസ്തുക്കൾ വാങ്ങാൻ ഇറാൻ ശ്രമിക്കുന്നുവെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഇറാന്റെ ആയുധശേഖരണവും ഭീകരവാദ പിന്തുണയും അവസാനിപ്പിക്കാൻ ‘പരമാവധി സമ്മർദ്ദം’ (Maximum Pressure) തുടരുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. സ്വന്തം ജനതയുടെ ക്ഷേമത്തേക്കാൾ ആയുധങ്ങൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ജനീവയിൽ നിർണ്ണായകമായ മൂന്നാം വട്ട ആണവ ചർച്ചകൾ ആരംഭിക്കാനിരിക്കെ, തൊട്ടുതലേദിവസമാണ് അമേരിക്ക ഈ ഉപരോധങ്ങൾ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.
ജനീവയിലെ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെയുള്ള വൻ സൈനിക സന്നാഹത്തെ അമേരിക്ക പേർഷ്യൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണങ്ങൾ വൻ നുണകളാണെന്ന് ഇറാൻ തിരിച്ചടിച്ചു. ആണവ പദ്ധതിയെക്കുറിച്ചും ജനുവരിയിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും ഇരുരാജ്യങ്ങളും നുണകൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
ഒരു നുണ പലതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന ‘നാസി ഗീബൽസ് തന്ത്രമാണ്’ ഇവർ പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
