തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 9.15-ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ അനന്തപുരി ഒരു വലിയ യാഗശാലയായി മാറും. ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന ഈ പുണ്യവേളയിൽ, ഉച്ചയ്ക്ക് 2.15-നാണ് ഭക്തിനിർഭരമായ നിവേദ്യസമർപ്പണം നടക്കുക.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധിയാണ്. ഭക്തർക്കായി റെയിൽവേയും കെ.എസ്.ആർ.ടി.സിയും പ്രത്യേക അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊങ്കാലയ്ക്ക് എത്തുന്നവർ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.നിർജ്ജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ക്ഷീണമോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. ഒപ്പം, പൊങ്കാല ചടങ്ങുകളിൽ ഭക്തർ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
