ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ നഗരമായ ഇവിടെയുള്ള ഇമാം റെസ പള്ളിയിലായിരിക്കും ചടങ്ങുകൾ. ഖമനയിയുടെ പിതാവിനെ സംസ്‌കരിച്ചതും ഇവിടെയാണ്.

എന്നാൽ സംസ്‌കാരത്തിന്റെ കൃത്യമായ സമയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ വസതിയിൽ ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മകൾ, പേരക്കുട്ടി, മരുമക്കൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഖോജസ്‌തേ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഖമനയിയുടെ മിലിറ്ററി ബ്യൂറോ ചീഫ്, രഹസ്യാന്വേഷണ തലവൻ, ആയുധപദ്ധതി മേധാവി എന്നിവരെയും വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഖമനയിയുടെ മരണം ഇസ്രയേലും അമേരിക്കയും സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

1939-ൽ ജനിച്ച ഖമനയി കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ്. ഷാ ഭരണകൂടത്തിനെതിരായ പോരാട്ടത്തിലൂടെ ജനപ്രീതി നേടിയ അദ്ദേഹം, പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവ് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *