ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. 42 പന്തിൽ 89 റൺസെടുത്ത സഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ് നിശ്ചിത 20 ഓവറിൽ ഇന്ത്യയെ 7 വിക്കറ്റ് നഷ്ടത്തിൽ 253 എന്ന റെക്കോർഡ് സ്കോറിലെത്തിച്ചത്. 7 സിക്സറുകളും 8 ഫോറുകളും ഉൾപ്പെട്ടതായിരുന്നു മലയാളി താരത്തിന്റെ ഇന്നിങ്സ്.

ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.തുടർച്ചയായ വിക്കറ്റ് വീഴ്ചകൾക്കിടയിലും തകർത്തടിച്ച് ഇന്ത്യ സ്കോർ ഉയർത്തി.

ശിവം ദുബെ റൺഔട്ടായെങ്കിലും, ജോഫ്ര ആർച്ചറുടെ ഓവറിൽ മൂന്ന് സിക്സറുകൾ പായിച്ച് തിലക് വർമ ഇന്ത്യക്ക് വേഗത നൽകി. പിന്നാലെ തിലകിനെ ആർച്ചർ ബോൾഡാക്കി. അവസാന ഓവറിൽ രണ്ട് സിക്സറുകൾ നേടി ഹാർദിക് പാണ്ഡ്യയും കരുത്ത് കാട്ടിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി.

ലോകകപ്പ് നോക്കൗട്ടിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു ഈ മത്സരത്തിൽ കുറിച്ചത്. ഇംഗ്ലീഷ് ബൗളർമാർ കണക്കിന് തല്ലുവാങ്ങിയപ്പോൾ, 4 ഓവറിൽ 61 റൺസ് വഴങ്ങിയ ജോഫ്ര ആർച്ചർക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ നിരയിൽ സഞ്ജുവിനൊപ്പം അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയും അർഷ്ദീപും ബുംറയും നയിക്കുന്നബൗളിംഗ് നിരയുമാണുള്ളത്.

ബുംറ അടങ്ങുന്ന കരുത്തുറ്റ ബൗളിംഗ് നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ജോസ് ബട്‍ലർ, ഫിൽ സോൾട്ട്, സാം കറൻ തുടങ്ങിയ വെടിക്കെട്ട് താരങ്ങളുണ്ട്. 254 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *