2026 ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 253 റൺസ് നേടി ചരിത്രമെഴുതി. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ 42 പന്തിൽ 89 റൺസുമായി സഞ്ജു സാംസൺ മിന്നും പ്രകടനം കാഴ്ചവെച്ചു. 211.90 സ്ട്രൈക്ക് റേറ്റിൽ 8 ഫോറും 7 സിക്സും പറത്തിയ താരം തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയും കുറിച്ചു. ഈ ഇന്നിങ്സോടെ ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമയെ മറികടന്ന് സഞ്ജു സ്വന്തമാക്കി.
സിക്സർ വേട്ടയിൽ രോഹിത് ശർമയെയും ശിവം ദുബെയെയും പിന്നിലാക്കി സഞ്ജു കുതിച്ചപ്പോൾ, ഇന്ത്യയ്ക്കായി മറ്റു താരങ്ങളും തകർത്തടിച്ചു. ശിവം ദുബെ (43), ഇഷാൻ കിഷൻ (39), ഹാർദിക് പാണ്ഡ്യ (27), തിലക് വർമ്മ (21) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ദുബെ നിർഭാഗ്യകരമായി റൺ ഔട്ടായെങ്കിലും എല്ലാവരും മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടി.
ഇംഗ്ലണ്ടിനായി വിൽ ജാക്സും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, 61 റൺസ് വഴങ്ങിയ ആർച്ചർക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിങ്ങിൽ എട്ട് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. സാൾട്ട് (5), ബ്രൂക്ക് (7), ബാന്റൺ (17), ബട്ലർ (25) എന്നിവർ പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
