അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് മാരിടൈം ട്രാക്കിങ് സംവിധാനങ്ങൾ കപ്പലിനെ ഈ മേഖലയിൽ കണ്ടെത്തിയത്.

കപ്പൽ ഗതാഗതം നിയന്ത്രിക്കാനായി നിലവിൽ എഐഎസ് ട്രാൻസ്‌പോണ്ടറുകൾ പ്രവർത്തിപ്പിച്ചാണ് കപ്പൽ സഞ്ചരിക്കുന്നത്.ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ 2,200 സൈനികരെയാണ് ട്രിപ്പോളി പശ്ചിമേഷ്യയിലെത്തിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നേരിടാൻ പെന്റഗണിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ ദ്രുതകർമ്മ സേനയുടെ വിന്യാസം.
പശ്ചിമേഷ്യയിൽ നിലവിൽ 50,000 യുഎസ് സൈനികരുണ്ടെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. പുതുതായി എത്തുന്ന ദ്രുതകർമ്മ സേനയുടെ കൃത്യമായ ദൗത്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒഴിപ്പിക്കൽ, മിന്നലാക്രമണങ്ങൾ എന്നിവയ്ക്കാണ് ഇവരെ സാധാരണ നിയോഗിക്കാറുള്ളത്.

കമാൻഡ്, ഗ്രൗണ്ട്, എയർ, ലോജിസ്റ്റിക്സ് എന്നീ നാല് വിഭാഗങ്ങൾ ചേർന്നതാണ് ഈ കരുത്തുറ്റ സൈനിക യൂണിറ്റ്.പ്രത്യേക പരിശീലനം ലഭിച്ച ഈ സൈനിക വിഭാഗം മാർച്ച് 11-നാണ് ഒക്കിനാവയിൽ നിന്ന് യാത്ര തിരിച്ചത്.

850 അടി നീളവും 45,000 ടൺ ഭാരവുമുള്ള യുഎസ്എസ് ട്രിപ്പോളി ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് തുല്യമാണ്. എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾ, ഓസ്‌പ്രേ ട്രാൻസ്‌പോർട്ടുകൾ തുടങ്ങി അത്യാധുനിക യുദ്ധസന്നാഹങ്ങൾ ഈ കപ്പലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *