ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ കൈകോർക്കുന്നു. ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്ന ആക്രമണങ്ങളെ അപലപിച്ച ഇവർ, തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
ലോകത്തെ ഏറ്റവും നിർണായകമായ ഈ കപ്പൽ പാതയിലെ സംഘർഷം ലഘൂകരിക്കാനാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ നീക്കം.സുരക്ഷാ നടപടികൾക്കൊപ്പം എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനും വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനും ആറ് പ്രമുഖ രാജ്യങ്ങൾ തീരുമാനിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ സംയുക്തമായി സഹകരിക്കുമെന്ന് ഇവർ അറിയിച്ചു. വാണിജ്യ കപ്പലുകൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും സമുദ്രപാത തടസ്സപ്പെടുത്തുന്ന നീക്കങ്ങളെയും രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
ഐക്യരാഷ്ട്രസഭയുടെ 2817-ാം പ്രമേയം പാലിക്കണമെന്ന് ഇറാനോട് രാജ്യങ്ങൾ ആവശ്യപ്പെട്ടു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും എണ്ണ-വാതക നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടനടി നിർത്തലാക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ അവർ നിർദ്ദേശിച്ചു. മേഖലയിലെ സമാധാനം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ നിലപാട്.
