ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ) ട്രാൻസിറ്റ് ഫീസായി ഈടാക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗം അലാദ്ദീൻ ബോറോജെർഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎസ്-ഇസ്രയേൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസിനുമേൽ നിയന്ത്രണം കടുപ്പിക്കുന്നത് ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കം ആഗോള വിപണിയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പാത തുറന്നുകൊടുക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലാണ് കപ്പലുകളുടെ സുരക്ഷയ്ക്ക് വൻതുക ഈടാക്കുമെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
യുദ്ധച്ചെലവ് കണ്ടെത്താനായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ഇറാൻ ചാർജ് ഈടാക്കുന്നത് ആഗോള എണ്ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ലോകത്തെ 20 ശതമാനം അസംകൃത എണ്ണയും കടന്നുപോകുന്ന ഈ പാതയിലെ നിയന്ത്രണം ഇന്ധന പ്രതിസന്ധിക്ക് കാരണമായി. എന്നാൽ, 48 മണിക്കൂറിനുള്ളിൽ പാത തുറക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾ കടത്തിവിടുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ ഐ.എം.ഒ (IMO) പ്രതിനിധി അലി മൗസവി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം യുഎസ്-ഇസ്രയേൽ നീക്കങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിലെ നാവികരുടെ സംരക്ഷണത്തിന് മുൻഗണന നൽകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
