ലണ്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളെ ലക്ഷ്യം വെക്കാൻ ഇറാന്റെ പക്കൽ മിസൈലുകളുണ്ടെന്ന ഇസ്രഈലിന്റെ അവകാശവാദം തള്ളി ബ്രിട്ടൻ. ഇസ്രഈൽ ഡിഫൻസ് ഫോഴ്സിന്റെ (IDF) വാദങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് ബ്രിട്ടീഷ് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി.
ടെഹ്‌റാനിൽ നിന്ന് 4,000 കിലോമീറ്റർ അകലെയുള്ള ലണ്ടൻ, പാരിസ്, ബെർലിൻ തുടങ്ങിയ നഗരങ്ങൾ ഇറാന്റെ ഭീഷണിയിലാണെന്നായിരുന്നു ഇസ്രഈലിന്റെ ആരോപണം. എന്നാൽ ഇറാന് യു.കെയെ ആക്രമിക്കാൻ ശേഷിയുണ്ടെന്നോ അതിന് അവർ ലക്ഷ്യമിടുന്നുവെന്നോ ഉള്ളതിന് നിലവിൽ യാതൊരു സ്ഥിരീകരണവുമില്ലെന്ന് ബ്രിട്ടൻ അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ യു.എസ്-യു.കെ സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചെന്ന ഇസ്രഈലിന്റെ അവകാശവാദം വിവാദമാകുന്നു.
രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് പരാജയപ്പെട്ടെന്നും മറ്റൊന്ന് തടഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ.എങ്കിലും, ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ബ്രിട്ടൻ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാൽ ഇതിലെ സത്യാവസ്ഥ ഇപ്പോഴും നിഗൂഢമായി തുടരുകയാണ്.
ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് പാർലമെന്റ് വോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ സർക്കാർ തള്ളി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര തീരുമാനങ്ങൾക്ക് ഇത്തരം നടപടിക്രമങ്ങൾ പ്രായോഗികമല്ലെന്ന് സ്റ്റീവ് റീഡ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാനും സഖ്യകക്ഷികളെ സഹായിക്കാനും ബ്രിട്ടൻ സജ്ജമാണെന്നും, തങ്ങളുടെ ആസ്തികൾ സംരക്ഷിക്കാൻ സേനയ്ക്ക് പൂർണ്ണ ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
