മിഡിൽ ഈസ്റ്റിലെ സംഘർഷം പശ്ചാത്തലമാക്കി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതോതിൽ ടോൾ ഈടാക്കുന്നു. ഓരോ കപ്പലിനും ഏകദേശം 18.8 കോടി രൂപ (2 മില്യൺ ഡോളർ) ആണ് ട്രാൻസിറ്റ് ഫീസായി നൽകേണ്ടി വരുന്നത്.
ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഈ മേഖലയിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്നാണ് ഇറാൻ ഇത്തരത്തിൽ ഭീമമായ തുക ഈടാക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നിയന്ത്രണം ഇറാൻ സാമ്പത്തിക നേട്ടമാക്കി മാറ്റുന്നു. യുദ്ധച്ചെലവുകൾ വർധിച്ച സാഹചര്യത്തിലാണ് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ തുടങ്ങിയതെന്ന് ഇറാൻ പാർലമെന്റ് സമിതി അംഗം അലാവുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കി. മേഖലയിലെ ഇറാന്റെ കരുത്തും അധികാരവും പ്രകടിപ്പിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇതിന് പിന്നാലെ, ശത്രുരാജ്യങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും പാത തുറന്നുകൊടുക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.
തങ്ങളെ ദ്രോഹിക്കുന്നവർക്ക് വഴിനൽകില്ലെന്ന് പ്രഖ്യാപിച്ച ഇറാൻ, ഇന്ത്യയുടെയും പാകിസ്താന്റെയും കപ്പലുകൾക്ക് കടന്നുപോകാൻ നിലവിൽ അനുമതി നൽകിയിട്ടുണ്ട്.ജപ്പാനിൽ നിന്നുള്ള കപ്പലുകൾക്കും ഇളവ് നൽകാൻ ഇറാൻ തീരുമാനിച്ചു.
ലോകത്തെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യവാരം മുതൽ അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ തടസ്സം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാനും കാരണമായിട്ടുണ്ട്.
