അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളും ഇറാന്റെ ശക്തമായ പ്രത്യാക്രമണ ഭീഷണിയും ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ്, ഇപ്പോൾ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് വിപണികളിൽ വലിയ ആശങ്ക പരത്തുന്നു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ, ഇതിനെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കി.
ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ജലശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികൾ തകർക്കുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി. ട്രംപ് നിശ്ചയിച്ച സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ (GMT 23:44) അവസാനിക്കാനിരിക്കെ മേഖലയിൽ യുദ്ധഭീതി ശക്തമാണ്.
