പശ്ചിമേഷ്യൻ സമാധാനത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പാകിസ്ഥാനിലെ ഇസ്ലാമാബാദ് വേദിയായേക്കും. ഇതിന് മുന്നോടിയായി പാക് സൈനിക മേധാവി ജനറൽ ആസിം മുനീർ ട്രംപുമായും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റുമായും ചർച്ചകൾ നടത്തി. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫിനെ ചർച്ചകളിൽ പ്രധാനിയായി അമേരിക്ക പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിന് 24-ാം ദിവസമാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ‘ലയൺസ് റോർ’ എന്നീ പേരുകളിൽ നടന്ന ഈ നീക്കത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഖമനയിയുടെ കൊട്ടാരത്തിന് നേരെ ബങ്കർ ബസ്റ്റർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ പ്രത്യാക്രമണത്തോടെ സംഘർഷം അറബ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. മിസൈൽ ആക്രമണങ്ങളെത്തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. മിനാബിലെ സ്കൂളിലുണ്ടായ ആക്രമണത്തിൽ 165 കുട്ടികളും, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ കപ്പൽ തകർന്ന് 87 നാവികരും കൊല്ലപ്പെട്ടു.
ഇതിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധനനീക്കം തടസ്സപ്പെടുകയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തു. ഓഹരി വിപണികളിലുണ്ടായ തകർച്ചയും പാചകവാതക ക്ഷാമവും ലോകത്തെ കടുത്ത പ്രതിസന്ധിയിലാക്കി.
ഈ സാഹചര്യത്തിലാണ് ലോകത്തിന് വലിയ ആശ്വാസമായി ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം എത്തുന്നത്.ഫെബ്രുവരി 23-ന് ട്രംപും നെതന്യാഹുവും നടത്തിയ നിർണായക ചർച്ചയുടെ വിവരങ്ങൾ പുറത്തുവന്നു.
തഹ്‌റാനിൽ ഒത്തുചേരുന്ന ഇറാൻ ഭരണനേതൃത്വത്തെ ഒറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ ലഭിച്ച ‘സുവർണ്ണാവസര’ത്തെക്കുറിച്ച് നെതന്യാഹു ട്രംപിനെ ധരിപ്പിക്കുകയായിരുന്നു. ഒരു നയതന്ത്ര കരാറിലൂടെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് അന്ന് സൂചിപ്പിച്ചതായും നെതന്യാഹു വ്യക്തമാക്കി.
