ഇറാനിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഊർജ്ജ നിലയങ്ങളെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്നും മാർച്ച് 23-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. എന്നാൽ ട്രംപിന്റെ വാദം ഇറാൻ തള്ളിയതോടെ വില വീണ്ടും ഉയർന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് കൃത്യം 15 മിനിറ്റ് മുൻപ് രാജ്യാന്തര വിപണിയിൽ വിചിത്രമായ നീക്കങ്ങൾ നടന്നു. ഏകദേശം 58 കോടി ഡോളർ (5400 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള 6200 ക്രൂഡ് ഓയിൽ ഫ്യൂച്ചർ കോൺട്രാക്ടുകളാണ് അജ്ഞാതർ വിറ്റൊഴിവാക്കിയത്.
ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയും, മുൻകൂട്ടി വിറ്റവർക്ക് കോടികളുടെ നഷ്ടം ഒഴിവാക്കാനും കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാനും സാധിച്ചു.
ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ മുൻപ് യുഎസ് സൈനിക നടപടികൾ നടന്നപ്പോഴും സമാനമായ അസാധാരണ ഇടപാടുകൾ വിപണിയിൽ ദൃശ്യമായിരുന്നു. ഔദ്യോഗിക വിവരങ്ങൾ മുൻകൂട്ടി ചോർത്തി അന്യായമായി ലാഭം കൊയ്യുന്ന ‘ഇൻസൈഡർ ട്രേഡിങ്’ ആണോ ഇതെന്ന് വിപണി നിരീക്ഷകർ സംശയിക്കുന്നു.
