യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം ലഘൂകരിക്കാൻ നിർണായക നീക്കവുമായി പാക്കിസ്ഥാൻ. മധ്യസ്ഥ ചർച്ചകൾക്കായി പാക് സൈനിക മേധാവി (CDF) ജനറൽ അസിം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
ചർച്ചകൾക്കായി ഇസ്ലാമാബാദിനെ വേദിയായി പാക്കിസ്ഥാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി തിങ്കളാഴ്ച സംസാരിക്കുകയും സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
യുഎസ്–ഇറാൻ പ്രശ്നപരിഹാരത്തിനായി തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ചേർന്ന് പാക്കിസ്ഥാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ഉൾപ്പെട്ട ചർച്ചകളിൽ ഈ മൂന്ന് രാജ്യങ്ങളും പ്രധാന മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മേഖലയിൽ സമാധാനം ഉറപ്പാക്കാൻ അങ്കാറയും (തുർക്കി), കെയ്‌റോയും (ഈജിപ്ത്), ഇസ്‌ലാമാബാദും ചേർന്ന് ഒരു ‘തന്ത്രപരമായ സഹകരണം’ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
