യുഎസുമായുള്ള ചർച്ചകൾ ഇറാൻ ഔദ്യോഗികമായി തള്ളുമ്പോഴും നയതന്ത്രതലത്തിൽ നിർണ്ണായക നീക്കങ്ങൾ നടക്കുന്നു. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറീദ് കഷ്നറും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്.
നേരിട്ടുള്ള ചർച്ചകൾക്ക് പകരം ഈജിപ്തും തുർക്കിയും മധ്യസ്ഥരായി സന്ദേശങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ, വിപണികളെ സ്വാധീനിക്കാനുള്ള വ്യാജവാർത്തയാണിതെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർഖാലിബാഫിന്റെ പ്രതികരണം.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച ഇസ്‌ലാമാബാദിൽ ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക് സൈനിക മേധാവി ജനറൽ അസിം മുനീറുമായി ഫോണിൽ സംസാരിച്ചു.
ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനുള്ള ഈ നീക്കത്തിൽ തുർക്കിയും ഈജിപ്തും മധ്യസ്ഥരായി സജീവമാണ്.
പാക്കിസ്ഥാൻ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും, യുഎസ് മുന്നോട്ടുവെക്കുന്ന കർശന വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ.
മുൻപ് ഒമാന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകൾക്കിടെ ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചിരുന്നു. ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായിരുന്ന ഘട്ടത്തിലുണ്ടായ ആ ആക്രമണം ഇപ്പോഴത്തെനയതന്ത്ര നീക്കങ്ങളിലും നിഴലിക്കുന്നുണ്ട്.
ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഫെബ്രുവരി 28-നുണ്ടായ അപ്രതീക്ഷിത ആക്രമണം സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഇസ്രായേലും യുഎസും നടത്തിയ ആ നീക്കം ഇപ്പോഴത്തെ ചർച്ചകളെയും ബാധിച്ചേക്കാം.
എങ്കിലും, അബ്ബാസ് അറഗ്ചി റഷ്യ, തുർക്കി, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഏഴോളം രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന്സൂചിപ്പിക്കുന്നു. വീണ്ടും ചർച്ചയ്ക്കിരിക്കാൻ ഇറാൻ തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
