ഇറാനുമായി സമാധാന ചർച്ചകൾ തുടരുന്നതിനിടെ, തന്നെ ഇറാന്റെ ‘പരമോന്നത നേതാവാക്കാൻ’ അവിടുത്തെ ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചെന്ന വിചിത്രമായ അവകാശവാദവുമായി ട്രംപ്.
ഒരു റിപ്പബ്ലിക്കൻ ധനസമാഹരണ പരിപാടിയിലാണ് തനിക്ക ലഭിച്ച ഈ ‘അനൗദ്യോഗിക വാഗ്ദാനം’ നിരസിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്.
ഒരു മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടയിലെ ട്രംപിന്റെ ഈ പ്രസ്താവന വലിയചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ഇറാൻ നേതൃത്വം തന്നോട് നേരിട്ട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു.
എന്നാൽ ഈ വിചിത്രമായ വാഗ്ദാനം താൻ നിരസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.ഇസ്രയേൽ-യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് അവിടെ ഭരണപരമായ ശൂന്യത നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ ഈ പരാമർശം. അതേസമയം, ഇറാനുമായി സമാധാന ചർച്ചകൾ തുടരുകയാണെന്നുംവെടിനിർത്തലിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് മകൻ മുജ്തബ ഖമനയി ചുമതലയേറ്റെങ്കിലും പരിക്കേറ്റതിനാൽ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഈ അധികാരശൂന്യതക്കിടെ പശ്ചിമേഷ്യയിലേക്ക് ആയിരത്തോളം സൈനികരെ കൂടി അധികമായി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുകയാണ്. ഇറാന്റെ ഭരണനേതൃത്വം പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ സൈനിക നീക്കം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെതീരുമാനം.
