യു.എസ്. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. വെനസ്വേലയിലെ ജയിലുകൾ കാലിയാക്കി അവിടത്തെ കുറ്റവാളികളെ മഡുറോ ബോധപൂർവം അമേരിക്കയിലേക്ക് കടത്തിവിട്ടതായി ട്രംപ് ആരോപിച്ചു.
വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിലാണ്, മഡുറോയ്ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന സൂചന ട്രംപ് നൽകിയത്.വെനസ്വേലയിലെ കുറ്റവാളികളെ അമേരിക്കയിലേക്ക് കടത്തിവിട്ട മഡുറോയുടെ നടപടി മുൻപുണ്ടായിട്ടില്ലാത്ത വലിയ കുറ്റമാണെന്നും ഇതിനെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
മഡുറോയ്ക്ക് ന്യായമായ വിചാരണ ഉറപ്പാക്കുമെന്നും ഇപ്പോൾ ചുമത്തിയിട്ടുള്ളത് അദ്ദേഹം ചെയ്ത കുറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.മഡുറോയ്ക്കെതിരായ കുറ്റപത്രം റദ്ദാക്കാൻ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റൈൻ വിസമ്മതിച്ചെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികളെ അദ്ദേഹം വിമർശിച്ചു.
സ്വന്തം പ്രതിരോധത്തിനായി വെനിസ്വേലൻ ഫണ്ട് ഉപയോഗിക്കുന്നത് തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, തടവിലുള്ള പ്രതികൾ ഇനി ദേശീയ സുരക്ഷാ ഭീഷണിയല്ലെന്നും കോടതി നിരീക്ഷിച്ചു.
2013 മുതൽ വെനസ്വേല ഭരിച്ച മഡുറോയെയും ഭാര്യയെയും കഴിഞ്ഞ ജനുവരി മൂന്നിനാണ് യു.എസ്. സൈന്യം പിടികൂടിയത്.യു.എസ്. നടപടിയെ ട്രംപ് ‘നിയമ നിർവ്വഹണം’ എന്ന് വിശേഷിപ്പിച്ചപ്പോൾ, ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലോകനേതാക്കൾ വിമർശിച്ചു.
താൻ ഇപ്പോഴും രാജ്യത്തിന്റെ പ്രസിഡന്റാണെന്ന് മഡുറോ കോടതിയിൽ വാദിച്ചു. സൈനിക നടപടിയിലൂടെ പിടികൂടിയത് മുതൽ കേസിൽ നിയമവിരുദ്ധതയുണ്ടെന്ന് മഡുറോയുടെ മകൻ ആരോപിച്ചു.
ഇതിനിടെ, ന്യൂയോർക്ക് കോടതിക്ക് മുന്നിൽ അനുകൂലികളും വിരുദ്ധരും തമ്മിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.ന്യൂയോർക്ക് കോടതിക്ക് മുന്നിൽ മഡുറോ അനുകൂലികളും ട്രംപ് പക്ഷക്കാരും തമ്മിൽ വാഗ്വാദവും പ്രതിഷേധവും രൂക്ഷമായി.
മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത്, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ നാല് കുറ്റങ്ങളാണ് നിലവിൽ മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.വരും ദിവസങ്ങളിൽ മഡുറോയ്ക്കെതിരെ കൂടുതൽ കേസുകൾ കോടതിയിലെത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
