ചൈനീസ് ചിപ്പ് നിർമ്മാതാവായ SMIC ഇറാൻ സൈന്യത്തിന് ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ കൈമാറിയതായി അമേരിക്ക ആരോപിച്ചു. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഈ സഹകരണം നിലവിലെ ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് വാഷിങ്ടൺ കാണുന്നത്.

ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസ് നേരത്തെ തന്നെ ഉപരോധം ഏർപ്പെടുത്തിയ കമ്പനിയാണ് SMIC.സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ ഇറാൻ സൈന്യത്തിന് എസ്‌.എം‌.ഐ‌.സി (SMIC) പരിശീലനം നൽകിയതായും അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

രഹസ്യസ്വഭാവം നിലനിർത്തണമെന്ന നിബന്ധനയോടെയാണ് റോയിട്ടേഴ്‌സ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാനുമായുള്ളത് വെറും വാണിജ്യ ബന്ധം മാത്രമാണെന്നാണ് ബീജിംഗിന്റെ ഔദ്യോഗിക നിലപാട്.

യുഎസ് ഉപരോങ്ങൾ നിലനിൽക്കെ ചൈന നൽകുന്ന ഈ സൈനിക സഹായം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ കാരണമായേക്കും.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ചൈന പക്ഷം ചേർന്നിട്ടില്ലെന്നും സമാധാന ചർച്ചകളാണ് പോംവഴിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. SMIC എന്ന കമ്പനിക്ക് ഭരണകൂടവുമായി ബന്ധമുണ്ടെന്ന ആരോപണം ചൈന തള്ളി.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിൽ ഇറാന്റെ പ്രത്യാക്രമണങ്ങൾക്ക് ഈ ചൈനീസ് ഉപകരണങ്ങൾ സഹായിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അതേസമയം, യുദ്ധം മൂലം രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *