ഇറാനും ലെബനനുമെതിരായ സൈനിക നീക്കങ്ങൾ വലിയൊരു എടുത്തുചാട്ടമായിരുന്നുവെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിമർശിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തന്ത്രങ്ങളോ കൃത്യമായ മാർഗങ്ങളോ ഇല്ലാതെ, സന്നാഹങ്ങൾ കുറവായ ഇസ്രയേൽ സൈന്യത്തെ നെതന്യാഹു സർക്കാർ ഒരു ബഹുമുഖ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ നീക്കം രാജ്യത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിൽ ലാപിഡ് ആഞ്ഞടിച്ചു.ഇസ്രയേലിന്റെ അധിനിവേശ നയങ്ങളെയും സയണിസ്റ്റ് ആശയങ്ങളെയും പിന്തുണയ്ക്കുമ്പോഴും, സൈന്യത്തെ വിനിയോഗിക്കുന്ന നെതന്യാഹുവിന്റെ രീതിയെ യെർ ലാപിഡ് രൂക്ഷമായി എതിർത്തു.

ഇറാഖ് വരെ രാജ്യം വ്യാപിപ്പിക്കണമെന്ന നിലപാടുള്ള അദ്ദേഹം, നിലവിലെ യുദ്ധംസൈനികക്ഷാമം രൂക്ഷമാക്കിയതായി ചൂണ്ടിക്കാട്ടി. കടുത്ത സൈനിക പ്രതിസന്ധി മറികടക്കാൻ ഇസ്രയേൽ നിർബന്ധിത സൈനിക സേവന കാലാവധി നീട്ടാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ ഈ വിമർശനം.സൈനിക പ്രതിസന്ധി തുടർന്നാൽ ഇസ്രയേൽ സൈന്യം തകരുമെന്ന് ആർമി ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെ, നിർബന്ധിത സൈനിക സേവന കാലാവധി നീട്ടുമെന്ന് സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു പ്രഖ്യാപിച്ചു. പെസഹ അവധിക്ക് ശേഷം നിയമങ്ങൾ പരിഷ്കരിക്കാനാണ് പദ്ധതി.

ലെബനനിൽ ബഫർസോൺ സ്ഥാപിക്കാൻ നിലവിൽ 15,000 സൈനികരുടെ കുറവുണ്ടെന്ന് സൈനിക വക്താവ് എഫി ഡെഫ്രിൻ വ്യക്തമാക്കിയത് ഇസ്രയേൽ നേരിടുന്ന കടുത്ത സൈനിക ക്ഷാമം ശരിവെക്കുന്നു.

ഇസ്രയേലിൽ നിലവിലുള്ള നിർബന്ധിത സൈനിക സേവന കാലാവധി (പുരുഷന്മാർക്ക് 32 മാസം, സ്ത്രീകൾക്ക് 24 മാസം) 36 മാസമായി ഉയർത്താനാണ് നെതന്യാഹു സർക്കാരിന്റെ നീക്കം.

സൈനിക ക്ഷാമം രൂക്ഷമായതാണ് ഈ തീരുമാനത്തിന് പിന്നിൽ. അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ഇസ്രയേൽ ലെബനനിലെ ആശുപത്രികൾക്കും പാർപ്പിടങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങളെ ലെബനൻ ശക്തമായി അപലപിച്ചു.

തങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പരാതി നൽകുമെന്നും ലെബനൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *