യുക്രെയ്ൻ യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും റഷ്യൻ സമ്പദ്‌വ്യവസ്ഥയെ കടുപ്പമേറിയ പ്രതിസന്ധിയിലാക്കി. വർധിച്ചുവരുന്ന യുദ്ധച്ചെലവ് നേരിടാൻ 25 വർഷത്തിന് ശേഷം ആദ്യമായി രാജ്യം സ്വർണ്ണശേഖരം വിറ്റഴിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 15 മെട്രിക് ടൺ സ്വർണ്ണമാണ് റഷ്യൻ കേന്ദ്രബാങ്ക് വിറ്റത്. 2002-ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സ്ഥിരീകരിച്ചു. ജനുവരിയിൽ മൂന്ന് ലക്ഷവും ഫെബ്രുവരിയിൽ രണ്ട് ലക്ഷവും ട്രോയ് ഔൺസ് സ്വർണം വീതം വിറ്റഴിച്ചതോടെ റഷ്യയുടെ ആകെ സ്വർണശേഖരം 74.3 ദശലക്ഷം ട്രോയ് ഔൺസായി കുറഞ്ഞു.
2022-നും 2025-നും ഇടയിൽ മാത്രം ഏകദേശം 150 ബില്യൻ ഡോളർ മൂല്യമുള്ള സ്വർണവും വിദേശനാണ്യവുമാണ് റഷ്യൻ കേന്ദ്രബാങ്ക് വിറ്റൊഴിവാക്കിയത്. മുൻകാലങ്ങളിൽ സ്വർണം വിറ്റിരുന്നെങ്കിലും, നിലവിലെ വിദേശ ഉപരോധങ്ങളും യുദ്ധച്ചെലവും റഷ്യയെ കൂടുതൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ റഷ്യ സ്വർണം വിറ്റിരുന്നെങ്കിലും അത് രാജ്യത്തിനകത്തെ സ്ഥാപനങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് റഷ്യ സ്വർണം വിദേശത്ത് വിറ്റ് പണമാക്കുന്നത്. 2002-ൽ 58 ടൺ സ്വർണം വിറ്റഴിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു രാജ്യാന്തരവിൽപനയ്ക്ക് റഷ്യ മുതിരുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2000 ടൺ സ്വർണ്ണശേഖരവുമായി ലോകത്ത് അഞ്ചാം സ്ഥാനത്താണ് റഷ്യ. എന്നാൽ 2022-ലെ യുക്രെയ്ൻ അധിനിവേശത്തോടെ സൈനിക ചെലവ് സോവിയറ്റ് കാലഘട്ടത്തെക്കാൾ വർധിച്ചു.
വരുമാനം കുറയുകയും ചെലവ് കുതിച്ചുയരുകയും ചെയ്തതോടെ, ബജറ്റ് കമ്മി നികത്താൻ സ്വർണ്ണശേഖരത്തെ ആശ്രയിക്കേണ്ടി വരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് റഷ്യ നീങ്ങുന്നത്.
