ഇറാൻ സംഘർഷത്തിന് നയതന്ത്ര പരിഹാരം കാണാൻ പാകിസ്താന്റെ നേതൃത്വത്തിൽ നാളെ ഇസ്ലാമാബാദിൽ ഉന്നതതല ചർച്ച നടക്കും. സൗദി, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ഈ ദ്വിദിന സമ്മേളനം മധ്യസ്ഥതയ്ക്കുള്ള പാകിസ്താന്റെ സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
സൗദി, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇസ്ലാമാബാദിലെത്തുന്നത് പാക്കിസ്താന് വലിയ ആശ്വാസമാണ്. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും ഇന്ധനക്ഷാമവും പാക്കിസ്താനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ട്രംപുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായും അടുത്ത ബന്ധമുള്ള പാക് ഭരണകൂടം സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് ഈ ചർച്ചകളിലൂടെ ശ്രമിക്കുന്നത്.പാക്-താലിബാൻ അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക്കിസ്താൻ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി.
പാക് സൈനിക മേധാവി ജനറല്‍ അസീം മുനീർ ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്ക മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ പ്രസിഡന്റിന് കൈമാറിയതും ജനറൽ മുനീറാണ്. അതിർത്തിയിലെ ഭീകരവാദവും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻസൈനിക-രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുപോലെ ശ്രമിക്കുന്നതാണ് നിലവിലെ കാഴ്ച.
