ഹോർമുസ് കടലിടുക്ക് തുറക്കുന്നത് കാത്തുനിൽക്കാതെ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഒരുങ്ങുന്നു. കടലിടുക്ക് തുറക്കാനുള്ള സങ്കീർണ്ണമായ നടപടികൾ യുദ്ധം ഒന്നര മാസത്തോളം നീണ്ടുപോകാൻ കാരണമാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
അതിനാൽ, ഉപദേശകരുമായി ചർച്ച നടത്തി സമാധാന നീക്കങ്ങൾ വേഗത്തിലാക്കാനാണ് യുഎസ് പ്രസിഡന്റിന്റെ നീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ചർച്ചകൾ പരാജയപ്പെട്ടാൽ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും കുടിവെള്ള ശുദ്ധീകരണ ശാലകളും ആക്രമിക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം ഭീഷണിപ്പെടുത്തി. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും പൂർണ്ണമായുംതകർക്കാനാണ് ട്രംപിന്റെ നീക്കം.
യുഎസുമായി ചർച്ചകളില്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും അവിടുത്തെ പുതിയ നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ യുഎസ് കരയുദ്ധത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമാകുമെന്ന് ഇറാന്റെ സൈനിക വക്താവ്ഇബ്രാഹിം സൊല്‍ഫഘാരി കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.
