ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ അരികിലാണ് കാബോ വെർദെ (Cape Verde) എന്ന കൊച്ചു ദ്വീപുരാഷ്ട്രം നിലയുറപ്പിച്ചത്. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ടുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ വിശ്വവിജയികളായ അർജന്റീനയെ എക്സ്ട്രാ ടൈം വരെ നെഞ്ചിടിപ്പോടെ നിർത്തിയ ശേഷമാണ് കാബോ വെർദെ 3-2 ന് തലയുയർത്തി കളംവിട്ടത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ കരുത്തരായ എതിരാളികൾക്ക് മുന്നിൽ പതറാതെ പൊരുതിയ കാബോ വെർദെ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ സമനില പിടിച്ചു. നിശ്ചിത സമയത്ത് കളി 1-1 ന് അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ (92′) ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയ്ക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും, തോറ്റുകൊടുക്കാൻ മനസ്മില്ലാതിരുന്ന നീല സ്രാവുകൾ സിഡ്നി ലോപ്പസ് കബ്രാളിന്റെ (103′) മനോഹരമായ ഗോളിലൂടെ വീണ്ടും ഡിഫെൻഡിങ് ചാമ്പ്യന്മാരെ ഞെട്ടിച്ചു.
ഒടുവിൽ 111-ാം മിനിറ്റിൽ വഴങ്ങിയ നിർഭാഗ്യകരമായ ഒരു ഓൺ-ഗോളാണ് കാബോ വെർദെയുടെ വിസ്മയക്കുതിപ്പിന് അന്ത്യം കുറിച്ചത്. സ്പെയിൻ, യുറുഗ്വായ് തുടങ്ങിയ വമ്പന്മാരെ ഗ്രൂപ്പ് ഘട്ടത്തിൽ തളച്ച് നോക്കൗട്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യം എന്ന ചരിത്രനേട്ടത്തോടെയാണ് ഈ കൊച്ചു ആഫ്രിക്കൻ രാജ്യം ലോകവേദിയിൽ നിന്ന് മടങ്ങുന്നത്.

