ഇറാനിൽ നിന്നുള്ള സൈനിക-ആണവ ഭീഷണി നേരിടാൻ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് ഇസ്രയേൽ പുതിയ പ്രാദേശിക സഖ്യം രൂപീകരിക്കുന്നു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ളവരുമായി ചേർന്ന് രൂപീകരിക്കുന്ന ഈ സഖ്യത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
2026 ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ നിർണായക നീക്കം.ഇറാന്റെ ആണവ പദ്ധതികളെയും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെയും തകർത്തതായും നേരിട്ടുള്ള ഭീഷണി ഒഴിവാക്കിയതായും നെതന്യാഹു അവകാശപ്പെട്ടു.
ഇറാന്റെ ആയുധശേഷി തകർന്നുവെന്നും വൈകാതെ അവിടുത്തെ ഭരണകൂടം താഴെവീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇസ്രയേലിനു നേരെ ഇന്ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 വയസ്സുകാരി ഉൾപ്പെടെ 14 പേർക്ക് പരുക്കേറ്റു.
ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം (IDF) അറിയിച്ചു. മധ്യ ഇസ്രയേലിലെ ബിനീ ബ്രാക്ക് (Bnei Brak), ടെൽ അവീവ് എന്നിവിടങ്ങളിൽ മിസൈലുകൾ പതിക്കുകയും കെട്ടിടങ്ങൾക്കും മറ്റും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
