47 വർഷത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടന്ന നേരിട്ടുള്ള ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തലിനിടെ സമാധാനം കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു ഏപ്രിൽ 11, 12 തീയതികളിലെ കൂടിക്കാഴ്ച.
എന്നാൽ ഉപാധികളിൽ ധാരണയാകാത്തതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാധ്യത ഏറുകയാണ്.ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു.
ഇതോടെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് വാൻസ് ആവർത്തിച്ചു. ഇതോടെ മേഖലയിൽ സംഘർഷം കടുക്കുമെന്ന് ഉറപ്പായി.ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ സമാധാന ഉടമ്പടിയിലേക്ക് നീങ്ങവേ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഇതോടെ ശുഭപ്രതീക്ഷയോടെ തുടങ്ങിയ ചർച്ചകൾ അപ്രതീക്ഷിതമായി പരാജയത്തിലേക്ക് നീങ്ങി.നെതന്യാഹുവിന്റെ ഫോൺ കോളിന് പിന്നാലെ അമേരിക്ക നിലപാട് കടുപ്പിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു.
ചർച്ചാ മേശയിൽ ഇല്ലായിരുന്നിട്ടും യുഎസ് നയതന്ത്രത്തെ സ്വാധീനിക്കാൻ ഇസ്രയേലിന് കഴിയുന്നത് ആശങ്കാജനകമാണെന്നും ടെഹ്‌റാൻ ചൂണ്ടിക്കാട്ടി
