തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണസംഖ്യ പതിനാലായി ഉയർന്നു. ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് അവസാനമായി മരിച്ചത്. സ്ഫോടനം നടക്കുമ്പോൾ 36 പേർ സ്ഥലത്തുണ്ടായിരുന്നതായാണ് കളക്ടറുടെ സ്ഥിരീകരണം. നിലവിൽ 13 പേർ ചികിത്സയിലുണ്ട്, ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ ചൂടുമൂലം മാത്രം പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണെന്നാണ് ഇവരുടെ വിലയിരുത്തൽ.
സംഭവസ്ഥലത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർസംഭവസ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പടക്കനിർമ്മാണശാലകൾക്ക് നേരെ അധികൃതർ നടപടി കടുപ്പിച്ചു. പാലക്കാട് മുതലമടയിലുള്ള പടക്കനിർമ്മാണശാലയ്ക്കാണ് ഇപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
തൃശൂർ പൂരത്തിന് പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്നത്ഇവിടെയായിരുന്നു.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ നേരിട്ടെത്തിയാണ് നിർമ്മാണശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ മാറ്റുകയും പ്രദേശം പൂർണ്ണമായി സീൽ ചെയ്യുകയും ചെയ്തു.
നിലവിൽ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇനി തുടർനടപടികൾ ഉണ്ടാവുകയുള്ളൂ.തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ സ്ഫോടനം വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
ഏപ്രിൽ 21-ന് വൈകുന്നേരം മൂന്നുമണിയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ അപകടമുണ്ടായത്. സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള കരിമരുന്ന് ശേഖരം നിമിഷനേരം കൊണ്ട് കത്തിച്ചാമ്പലായി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു. അപകടസമയത്ത് തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
പ്രദേശത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ ദുരന്തം തൃശൂർ നഗരത്തെയും പൂരപ്രേമികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് വെടിക്കെട്ട് പുരകളുടെ സുരക്ഷാ പരിശോധനകൾ സംസ്ഥാന വ്യാപകമായി കർശനമാക്കിയിട്ടുണ്ട്.
