ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ അഞ്ചാം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 159 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 119 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബൗളിങ്ങിലൂടെ 18 ഓവറിൽ ലഖ്‌നൗവിനെ ഓൾ ഔട്ടാക്കിയാണ് രാജസ്ഥാൻ തകർപ്പൻ ജയം നേടിയത്.
ഐ.പി.എല്ലിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി സ്വന്തമാക്കി. വെറും 15 വയസ്സും 26 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നാഴികക്കല്ല് പിന്നിട്ടത്. പൃഥ്വി ഷാ, സഞ്ജു സാംസൺ, റിഷബ് പന്ത്, ഇഷാൻ കിഷൻ എന്നിവർ തങ്ങളുടെ 19-ാം വയസ്സിൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്.
ലഖ്‌നൗവിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.ഏറ്റവും വേഗത്തിൽ 500 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഗ്ലെൻ മാക്‌സ്‌വെല്ലിനെ (260 പന്ത്) മറികടന്ന് വൈഭവ് സൂര്യവംശി (227 പന്ത്) സ്വന്തമാക്കി.
മറുഭാഗത്ത്, മിച്ചൽ മാർഷ് (55 റൺസ്) പൊരുതിയെങ്കിലും മറ്റ് ലഖ്‌നൗ താരങ്ങൾ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. നിക്കോളാസ് പൂരൻ (22), ഹിമ്മത് സിംഗ് (15) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
