പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, ആറ് വിക്കറ്റ് ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും തകർത്തടിച്ച രാജസ്ഥാൻ ബാറ്റർമാർ 228 റൺസ് എടുത്താണ് തകർപ്പൻ വിജയം ആഘോഷിച്ചത്.

സ്വന്തം തട്ടകമായ പി.സി.എ സ്റ്റേഡിയത്തിൽ പഞ്ചാബിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.യശ്വസി ജെയ്‌സ്വാളിന്റെയും ഡെണോവൻ ഫെരേരയുടെയും അർധ സെഞ്ച്വറികളാണ് രാജസ്ഥാന് മിന്നും വിജയം സമ്മാനിച്ചത്. ജെയ്‌സ്വാൾ 51 റൺസ് നേടി മികച്ച തുടക്കം നൽകിയപ്പോൾ, അവസാന ഘട്ടത്തിൽ 52 റൺസുമായി ഫെരേര ടീമിനെ വിജയത്തിലെത്തിച്ചു.

ഓപ്പണിങ്ങിൽ 43 റൺസ് അടിച്ചെടുത്ത വൈഭവ് സൂര്യവംശിയും, 31 റൺസ് നേടിയ ഇംപാക്ട് പ്ലെയർ ശുഭം ദുബെയും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് യശ്വസി ജെയ്‌സ്വാൾ സ്വന്തമാക്കി.

അജിങ്ക്യ രഹാനെയെ മറികടന്നാണ് 20-ാം തവണയും അർധസെഞ്ച്വറി നേടി ജെയ്‌സ്വാൾ ഈ നേട്ടത്തിലെത്തിയത്. നിലവിൽ 25 തവണ 50+ സ്കോർ നേടിയ നായകൻ സഞ്ജു സാംസണും ജോസ് ബട്ലറുമാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. ജെയ്‌സ്വാളിന്റെ സ്ഥിരതയാർന്ന പ്രകടനം രാജസ്ഥാൻ നിരയിൽ സഞ്ജുവിനൊപ്പം താരത്തെ കരുത്തനാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *