ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ നടന്നിട്ടും കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. എ.കെ. ആന്റണിയുടെ നിലപാട് തേടിയ രാഹുൽ ഗാന്ധി, കൊടിക്കുന്നിൽ സുരേഷുമായും സംസാരിച്ചു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി നിലനിൽക്കെ, പ്രഖ്യാപനം നാളത്തേക്ക് നീളാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ മുന്നണിക്കുള്ളിലും ജനങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്.മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ സഖ്യകക്ഷികൾക്കിടയിൽ പ്രതിഷേധം പുകയുന്നു.
വി.ഡി. സതീശൻ വരണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുമ്പോഴും, കോൺഗ്രസ് കെ.സി. വേണുഗോപാലിനെ നിശ്ചയിച്ചാൽ എന്ത് ചെയ്യണമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പ്രഖ്യാപനം വൈകുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.
മുന്നണി മര്യാദ ഉള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഭരണം സ്തംഭിക്കുന്നതിലെ അതൃപ്തി കേരള കോൺഗ്രസും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
