യുഎസിലെ ഐഡഹോയിൽ എയർഷോയ്ക്കിടെ രണ്ട് ഇ.എ-18ജി ഗ്രോളർ നാവിക വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന നാല് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് തെറിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കാണികൾ പകർത്തിയ വീഡിയോകളിൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്നതും പൈലറ്റുമാർ പാരച്യൂട്ടിൽ രക്ഷപ്പെടുന്നതും വ്യക്തമാണ്. വിമാനങ്ങൾ തകർന്നു വീണെങ്കിലും നിലത്തുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
അപകടത്തെത്തുടർന്ന് എയർ ഷോ റദ്ദാക്കി. വിമാനങ്ങൾ തമ്മിൽ കോർത്തുപോയതിനാലാണ് പൈലറ്റുമാർക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചതെന്നാണ് കരുതുന്നത്. യാന്ത്രിക തകരാറുകളല്ല, പറക്കലിലെ പാളിച്ചയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
