മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശന് ആശംസകളുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്ന് വി.എസ് കാണിച്ചുതന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
രണ്ട്സാധാരണക്കാരന്റെ അവകാശങ്ങൾക്കായുള്ള വലിയൊരു ജനമുന്നേറ്റമായിരുന്നു അന്ന് വി.എസ് അച്യുതാനന്ദന്റെ സത്യപ്രതിജ്ഞ. രണ്ട് പതിറ്റാണ്ടിന് ശേഷം, ഇതേ മെയ് 18-ന് വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് ചരിത്രത്തിലെ അർത്ഥവത്തായ യാദൃശ്ചികതയാണ്” എന്ന് അരുൺ കുമാർ കുറിച്ചു
വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
“ഇന്ന് മെയ് 18. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള ഒരു തീയതി. കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, 2006 മെയ് 18-നായിരുന്നു വി.എസ്. അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സാധാരണക്കാരന്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയാണ്.”
“കേരളത്തിന്റെ മുഖ്യമന്ത്രി പദവി വലിയൊരു ജനതയുടെ പ്രതീക്ഷകളുടെ കാവൽപ്പുരയാണ്. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമുള്ളതാണെന്ന് വി.എസ് കാണിച്ചുതന്നു.
പുതിയ ജനവിധിയോടെ കടന്നുവരുന്ന വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പക്വതയും ദീർഘവീക്ഷണവും കേരളത്തിന് പുതിയ ദിശാബോധം നൽകട്ടെ. പുതിയ മുഖ്യമന്ത്രിമാർക്കും മന്ത്രിസഭാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.”