ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരക്കസേരകളെ അലോസരപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). മുപ്പതുകാരനായ രാഷ്ട്രീയ തന്ത്രജ്ഞൻ അഭിജീത് ദിപ്കെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തുടക്കമിട്ട ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം വളരെ പെട്ടെന്നാണ് രാജ്യത്തെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയത്.
തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, രാഷ്ട്രീയ കാപട്യം എന്നിവയ്ക്കെതിരെ ഡിജിറ്റൽ യുഗത്തിലെ യുവാക്കളുടെ പ്രതിഷേധത്തിന്റെ പുതിയ മുഖമായാണ് സിജെപി വിലയിരുത്തപ്പെടുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രമുഖ പാർട്ടികളുടെ സോഷ്യൽ മീഡിയ സാന്നിധ്യത്തെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലേക്ക് ഈ പേജ് അതിവേഗം വളർന്നുകഴിഞ്ഞു.
