സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി രാജിവെച്ചു. ഔദ്യോഗിക രാജിക്കത്ത് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കൈമാറി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഈ സ്വാഭാവിക രാജി. പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ഥാനത്ത് തുടരാൻ റസൂൽ പൂക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ല.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്, ലൈംഗികാരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് ഒക്ടോബറിൽ റസൂൽ പൂക്കുട്ടിയെ ചെയർമാനായി നിയമിക്കുന്നത്.
രഞ്ജിത്തിന്റെ രാജിക്ക് ശേഷം താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിനെ മാറ്റിയാണ് അന്ന് റസൂൽ പൂക്കുട്ടിക്ക് ചുമതല നൽകിയത്. ഏകദേശം എട്ടു മാസത്തോളം അദ്ദേഹം ഈ പദവിയിൽ തുടർന്നു.
റസൂൽ പൂക്കുട്ടിക്കൊപ്പം അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. കൂടാതെ, സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന നടനും സംവിധായകനുമായ മധുപാലും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനെ കണ്ടെത്താനുള്ള ചർച്ചകൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ സജീവമാണ്. കോൺഗ്രസ് അനുകൂല നിലപാടുള്ള പ്രമുഖ സിനിമാ പ്രവർത്തകരുടെ പേരുകളാണ് ഈ പദവിയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
നടന്മാരായ ജഗദീഷ്, സലിം കുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്. എന്നാൽ സിനിമ തിരക്കുകൾ ഉള്ളതിനാൽ തനിക്ക് നിലവിൽ ഈ ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ജഗദീഷ് സാംസ്കാരിക വകുപ്പിനെ അറിയിച്ചതായാണ് വിവരങ്ങൾ. വരും ദിവസങ്ങളിൽ തന്നെ പുതിയ ചെയർമാനെയും ഭരണസമിതിയെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
