ഭരണമാറ്റത്തിന്റെ പുതുമകളോടെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി. ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവ ചടങ്ങുകളിൽ ഇത്തവണ വലിയ പരിഷ്കാരങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളെ വെയിലത്ത് നിർത്തിയുള്ള ഘോഷയാത്രകളും ഉദ്ഘാടനച്ചടങ്ങുകളിലെ നെടുനീളൻ പ്രസംഗങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പകരം കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന അവതരണ പരിപാടികൾക്കാണ് മുൻഗണന. വലിയ സാമ്പത്തികച്ചെലവില്ലാതെ പ്രാദേശിക പങ്കാളിത്തത്തോടെയായിരിക്കണം സ്കൂളുകൾ നവാഗതരെ സ്വീകരിക്കേണ്ടത്.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് ജൂൺ 1-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പുതിയ അധ്യയനവർഷത്തിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം അവസാന ഘട്ടത്തിലാണ്.
ഒന്നാം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ ഇതിനകം സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. മെയ് 29, 30 തിയതികളോടെ പ്രധാന ടെക്സ്റ്റ് ബുക്കുകളും ജൂൺ ആദ്യവാരത്തോടെ ബാക്കി പുസ്തകങ്ങളും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
