വാഷിങ്റ്റൺ: അമേരിക്കയിൽ പകുതിയിലധികം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ‘ഡൊമിനിയൻ’ വോട്ടിങ് മെഷീനുകൾ നിരോധിക്കാൻ ട്രംപ് ഭരണകൂടം ഗൂഢനീക്കം നടത്തിയതായി വെളിപ്പെടുത്തൽ. മെഷീനുകളുടെ ഭാഗങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വരുത്തിതീർത്ത് വാണിജ്യ മന്ത്രാലയം വഴി ഇവ അസാധുവാക്കാനായിരുന്നു ശ്രമം.

ട്രംപിന്റെ തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കർട്ട് ഓൾസെനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് അധികാരം ഫെഡറൽ ഗവൺമെന്റിലേക്ക് എത്തിക്കുക എന്ന ട്രംപിന്റെ താല്പര്യപ്രകാരമായിരുന്നു ഈ നീക്കം. എന്നാൽ ഇതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു.

വോട്ടിങ് മെഷീനുകൾക്ക് പകരം രാജ്യവ്യാപകമായി ബാലറ്റ് പേപ്പർ കൊണ്ടുവരാൻ ഓൾസെൻ ശ്രമിച്ചെങ്കിലും, ഇത് കൃത്യത കുറഞ്ഞതും തിരിമറിക്ക് സാധ്യതയുള്ളതുമാണെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വാണിജ്യ മന്ത്രാലയം വഴി മെഷീനുകൾ നിരോധിക്കാൻ നീക്കം നടന്നു. എന്നാൽ ഇവ സുരക്ഷാ ഭീഷണിയാണെന്ന് തെളിയിക്കാനുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഓൾസെനും സംഘത്തിനും കഴിയാതെ വന്നതോടെ ഈ പദ്ധതിയും പരാജയപ്പെടുകയായിരുന്നു.

ഡൊമിനിയൻ മെഷീനുകളിൽ വെനസ്വേലൻ കോഡുകൾ ഉപയോഗിച്ച് ഹാക്കിങ് നടത്തിയാണ് ട്രംപിന്റെ വിജയം അട്ടിമറിച്ചതെന്ന ഓൾസെന്റെ വാദം മുൻപ് കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞതാണ്. ഈ വ്യാജ ആരോപണം പ്രചരിപ്പിച്ചതിന് 2023-ൽ പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന് ഡൊമിനിയൻ കമ്പനിക്ക് 787 മില്യൺ ഡോളർ (ഏകദേശം 6400 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *