തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്ന് കിരൺ, അനിൽ, അമൽ എന്നീ മൂന്ന് സി.പി.എം പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ടാലറിയാവുന്ന 300 പേർക്കെതിരെ വധശ്രമം, കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ കൂടാതെ പൊലീസിനെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും.
അതിനിടെ, ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. സംഭവസ്ഥലത്ത് റേഞ്ച് ഡി.ഐ.ജി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ എത്താതിരുന്നതും, പൊലീസിന് വീഴ്ച പറ്റിയെന്ന ഇന്റലിജൻസ് റിപ്പോർട്ടും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
