ലണ്ടൻ/ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ നടത്തിയ തിരിച്ചടികളിൽ ഗൾഫ് മേഖലയിലെ 20 അമേരിക്കൻ സൈനിക താവളങ്ങൾക്ക് കടുത്ത നാശനഷ്ടം സംഭവിച്ചതായി ബി.ബി.സി വെരിഫൈ വിഭാഗത്തിന്റെ റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും വിശകലനം ചെയ്ത് പുറത്തുവിട്ട റിപ്പോർട്ടിൽ, അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവ തകർന്നതായി വ്യക്തമാക്കുന്നു.

‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷം ഇറാന്റെ സൈനികശേഷി ഇല്ലാതാക്കിയെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് യു.എസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രമുഖ കമ്പനിയായ ‘പ്ലാനറ്റ്’ ദൃശ്യങ്ങൾ നിയന്ത്രിച്ചെങ്കിലും, മറ്റ് ഏജൻസികളുടെ ചിത്രങ്ങൾ വഴിയാണ് ബി.ബി.സി നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചത്. ഗൾഫ് താവളങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് ഇറാന്റെ പരമാധികാരി മുജ്തബ ഖമനേയി വ്യക്തമാക്കി.

അതേസമയം, ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രായേൽ ആക്രമണം നടത്തിയാൽ വടക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ സെൻട്രൽ മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ജനത സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിന്റെ ലെബനൻ അധിനിവേശത്തിലും വെടിനിർത്തൽ ലംഘനങ്ങളിലും പ്രതിഷേധിച്ച് അമേരിക്കയുമായി മധ്യസ്ഥർ മുഖേന നടത്തിവന്നിരുന്ന സമാധാന ചർച്ചകളും രേഖകളുടെ കൈമാറ്റവും ഇറാൻ പൂർണ്ണമായും നിർത്തിവെച്ചതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *