കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമക്കേസ് ചുമത്തപ്പെട്ട സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വ്യാജ പരാതി നൽകിയ മുൻ മന്ത്രിയുടെ ഗൺമാനെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 25-ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം.സി ഉൾപ്പെടെ അഞ്ച് പ്രവർത്തകർ 16 ദിവസമാണ് ജയിലിൽ കിടന്നത്. കേസിൽ നിർണായക തെളിവുകളോ ആയുധങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നായിരുന്നു ഗൺമാന്റെ മൊഴിയെങ്കിലും, പിന്നീട് ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വീണാ ജോർജ് തന്നെ മൊഴി മാറ്റിയിരുന്നു. ഭരണകൂട വേട്ടയ്ക്ക് ഇരയായ തങ്ങൾക്ക് നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്ന് ജാമ്യത്തിലിറങ്ങിയ അതുൽ എം.സി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *