തിരുവനന്തപുരം/കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായവും പുനരധിവാസ ഫണ്ടും വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയും കാലതാമസവും വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കർശന നടപടി.
ദുരന്തബാധിതരുടെ ബാങ്ക് വായ്പ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 29-ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ അഞ്ച് മാസത്തോളം വൈകിയെന്നാണ് പ്രധാന കണ്ടെത്തൽ. മന്ത്രിസഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയും മാനദണ്ഡങ്ങളും കയ്യിലിരിക്കെ, നടപ്പിലാക്കേണ്ട ഘട്ടത്തിൽ വീണ്ടും വ്യക്തത തേടി ഫയലുകൾ വെച്ചുതാമസിപ്പിച്ചത് ബോധപൂർവ്വമാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
ഫണ്ട് കൈമാറാൻ വൈകിയതിലൂടെ ബാങ്കുകളിൽ അധിക പലിശ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഈ അധിക സാമ്പത്തിക ബാധ്യത ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി (Personal Liability) കണക്കാക്കി ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ട്രഷറി നിയന്ത്രണങ്ങളും സാമ്പത്തിക വർഷാവസാനത്തെ ഫണ്ട് ലാപ്സാവലുകളുമാണ് വിതരണം വൈകാൻ കാരണമെന്ന ചർച്ചകളും സിവിൽ സർവീസ് വൃത്തങ്ങളിൽ ഉയരുന്നുണ്ട്. ഉപജീവന സഹായത്തിനായി അനുവദിച്ച 6 കോടി രൂപയിൽ ഒരു ഭാഗം സാമ്പത്തിക വർഷാവസാനത്തിൽ ലാപ്സായതിനെ തുടർന്ന് പിന്നീട് ഏപ്രിലിലാണ് പുതിയ തുക അനുവദിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു.
ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹരായവർക്ക് സഹായം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഈ അടിയന്തര നീക്കം.

