തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി സൂചന നൽകി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള അടുത്ത സൗഹൃദമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല, മറിച്ച് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചുവടുവെപ്പെന്നും അദ്ദേഹം കുറിച്ചു. ലോറൻസ് അഭിനയിക്കുന്ന ‘ബെൻസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ലോറൻസ് ടിവികെ (TVK) സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് ശക്തമായ അഭ്യൂഹങ്ങൾ.
ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിനോടുള്ള അടുപ്പം പരിഗണിച്ച് പെരമ്പൂർ നിലനിർത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയുമായിരുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യ രംഗത്ത് സജീവമായ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും നോക്കിക്കാണുന്നത്.

