ന്യൂയോർക്ക്: ലോകത്തെ ഒന്നിപ്പിക്കാൻ കായികരംഗത്തിനുള്ള അതുല്യശക്തിയെക്കുറിച്ചുള്ള നെൽസൺ മണ്ടേലയുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട്, 2026 ഫിഫ ലോകകപ്പിന് ഉത്തര അമേരിക്കയിൽ പന്തുരുണ്ടു കഴിഞ്ഞു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ കായികമാമാങ്കം ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റാണ്. 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങൾ മൂന്ന് രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 16 നഗരങ്ങളിലായാണ് അരങ്ങേറുന്നത്.
എന്നാൽ, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കും സുരക്ഷാ ആശങ്കകൾക്കും നടുവിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും യുക്രെയ്ൻ-റഷ്യ യുദ്ധവും ടൂർണമെന്റിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. സംഘർഷത്തിന്റെ ഒരു വശത്ത് നിൽക്കുന്ന ആതിഥേയരായ അമേരിക്കയും, മറുപക്ഷത്തുള്ള ഇറാനും ഒരേ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മനുഷ്യാവകാശ-കുടിയേറ്റ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, വിപുലമായ വാണിജ്യ താല്പര്യങ്ങൾ എന്നിവയ്ക്കൊപ്പം മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു ടൂർണമെന്റിന്റെ സുരക്ഷാ ഏകോപനവും ഫിഫയ്ക്കും സംഘാടകർക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും പ്രതിസന്ധികളെ മറികടന്ന് ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കായികപ്രേമികൾ.

